WFTW Body: 

യെശയ്യാവ് 42:1 യേശുവിനെക്കുറിച്ച്, പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തനായ ഒരു ദാസന്‍ എന്നു പറയുന്നു. " ഇതാ, ഞാന്‍ താങ്ങുന്ന എന്‍റെ ദാസന്‍". ദൈവത്തിന്‍റെ ഒരു യഥാര്‍ത്ഥ ദാസന്‍ ദൈവത്താല്‍ പിന്‍താങ്ങപ്പെടുന്നവനാണ്, പണത്തിനാലോ, ഒരു സംഘടനയാലോ അല്ലെങ്കില്‍ ഒരു മാനുഷിക പ്രവര്‍ത്തനസംഘത്താലോ (ഏജന്‍സി) അല്ല. നമ്മെ എല്ലാ സമയവും താങ്ങേണ്ടവന്‍ കര്‍ത്താവുമാത്രമാണ് മനുഷ്യര്‍ നമുക്ക് ദാനങ്ങള്‍ നല്‍കിയേക്കാം. എന്നാല്‍ നാം ഒരിക്കലും മനുഷ്യരെയോ പണത്തെയോ ആശ്രയിക്കരുത്. "പിന്‍താങ്ങുക" എന്ന വാക്ക് സൂചിപ്പിക്കുന്നത് നാം എന്തില്‍ ആശ്രിതരാണ് എന്നതാണ്. നാം കര്‍ത്താവില്‍ മാത്രം ആശ്രയിക്കുന്നവരായിരിക്കണം. നാം നിസ്സഹായതയുടെ ഈ സ്ഥാനത്തെത്തുമ്പോഴാണ് ദൈവം തന്‍റെ പരിശുദ്ധാത്മാവിനെ നമ്മുടെ മേല്‍ അയക്കുന്നത്.

യെശയ്യാവ് 42:2: "അവിടുന്ന് നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയില്‍ തന്‍റെ ശബ്ദം കേള്‍പ്പിക്കയുമില്ല." മത്തായി 12:19,20ല്‍ ഇത് ഉദ്ധരിച്ച് യേശുവിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനായി ഇപ്രകാരം തുടര്‍ന്നുപറയുന്നു, " ആരും തെരുക്കളില്‍ അവന്‍റെ ശബ്ദം കേള്‍ക്കുകയില്ല. ചതഞ്ഞ ഓട അവന്‍ ഒടിച്ചു കളകയില്ല". അതിന്‍റെ അര്‍ത്ഥം തന്‍റെ ജീവിതം താറുമാറാക്കി കളഞ്ഞിട്ടുളള ആരെയും കര്‍ത്താവ് ഒരിക്കലും നിരുത്സാഹപ്പെടുത്തുകയില്ല എന്നാല്‍ അവനെ പ്രോത്സാഹിപ്പിക്കുകയും അവരെ സൗഖ്യമാക്കുകയും ചെയ്യും. ഒരു മെഴുകുതിരിയുടെ പുകയുന്ന തിരി കര്‍ത്താവ് കെടുത്തികളയുകയില്ല മറിച്ച് അവിടുന്ന് അതിനെ ഊതി കത്തിച്ച് ഒരു ജ്വാലയാക്കി തീര്‍ക്കും. പരാജിതരായ ബലഹീന വിശ്വാസികളെ സഹായിക്കുന്നതില്‍ ദൈവം തല്‍പ്പരനാണ്. നിരുത്സാഹികളും മനസ്സിടിഞ്ഞു പോയവരുമായവരെ സഹായിക്കുന്നതിലും അവരുടെ ആത്മാക്കളെ ഉയര്‍ത്തുന്നതിലും അവിടുന്ന് തല്‍പ്പരനാണ്. കര്‍ത്താവിന്‍റെ ഒരു യഥാര്‍ത്ഥ ദാസനും എപ്പോഴും ഇതിനു സമാനമായ പ്രോത്സാഹനത്തിന്‍റെ ഒരു ശുശ്രൂഷ ഉണ്ടായിരിക്കും, വിഷണ്ണരും, നിരുത്സാഹിതരും, പ്രത്യാശ നഷ്ടപ്പെട്ടവരും ജീവിതം മടുത്തവരുമായവരുടെ ആത്മാക്കളെ ഉയര്‍ത്തുന്ന ഒരു ശുശ്രൂഷ. നാം എല്ലാവരും അത്തരം ഒരു ശുശ്രൂഷയ്ക്കായി അന്വേഷിക്കാം. കാരണം ഇന്ന് എല്ലായിടത്തും ആളുകള്‍ക്ക് അതാവശ്യമാണ്.

യെശയ്യാവ് 42:19: "എന്‍റെ ദാസനല്ലാതെ കുരുടന്‍ ആര്‍? ഞാന്‍ അയക്കുന്ന ദൂതനെപ്പോലെ ചെകിടന്‍ ആര്‍? എന്‍റെ പ്രിയനെ പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവന്‍ ആര്‍?" ഇത് കുഴക്കുന്ന ഒരു വാക്യം പോലെ തോന്നിക്കുന്നു, പ്രത്യേകിച്ച് അത് വ്യക്തമായി യേശുവിനെക്കുറിച്ച് പരാമര്‍ശിക്കുന്നതു കൊണ്ട് (ഒന്നാമത്തെ വാക്യം മുതല്‍ നമുക്ക് കാണാന്‍ കഴിയുന്നതു പോലെ). അതിന്‍റെ അര്‍ത്ഥമെന്താണ്? ദൈവത്തിന്‍റെ ഒരു യഥാര്‍ത്ഥ ദാസന്‍ തനിക്കു ചുറ്റും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അനേക കാര്യങ്ങളോട് അന്ധനും ബധിരനുമായിരിക്കും. അയാള്‍ അനേക കാര്യങ്ങള്‍ കാണും എന്നാല്‍ അതിനെ സൂക്ഷ്മ നിരീക്ഷണം ചെയ്യാറില്ല ( വാക്യം 20). മറ്റുളളവരിലുളള പാപങ്ങള്‍ കണ്ടുപിടിക്കുവാനായി ചുറ്റിനടക്കാറില്ല. ആളുകള്‍ പറയുന്ന ഏതെങ്കിലും കാര്യത്തില്‍ അവരെ പിടികൂടാനായി അവര്‍ പറയുന്നത് ശ്രദ്ധിച്ചു കൊണ്ട് അദ്ദേഹം ചുറ്റിനടക്കാറില്ല. പരീശന്മാര്‍ അങ്ങനെ ആയിരുന്നു - യേശു പറയുന്ന ഏതെങ്കിലും കാര്യത്തില്‍ അവിടുത്തെ കുറ്റപ്പെടുത്താനായി അവര്‍ എപ്പോഴും യേശുവിനെ കുടുക്കുവാനായി കാത്തിരുന്നു. മിക്ക ക്രിസ്ത്യാനികളും അങ്ങനെയാണ് - എല്ലായ്പോഴും ആരെങ്കിലും അവന്‍ പറഞ്ഞ ഏന്തെങ്കിലും കുറ്റം കണ്ടുപിടിക്കുവാനായി നോക്കിയിരിക്കുന്നു - മിക്കപ്പോഴും അവര്‍ അയാളുടെ ശുശ്രൂഷയില്‍ അസൂയാലുക്കളാണ്. അവരെപ്പോലെ ആകരുത്. നിങ്ങള്‍ക്കു ചുറ്റും നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പല കാര്യങ്ങള്‍ക്കും നിങ്ങള്‍ അന്ധരും ബധിരരുമായിരിക്കുക. നിങ്ങള്‍ക്കെതിരൊയി വ്യാജമായ ആരോപണങ്ങള്‍ ആരെങ്കിലും ഉന്നയിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? നിങ്ങള്‍ ചെകിടനായിരുന്നെങ്കില്‍ നിങ്ങള്‍ അതു കേള്‍ക്കുമായിരുന്നില്ല. അപ്പോള്‍ നിങ്ങള്‍ ഒരു 'ചെകിടന്‍' ആകുക. ആകര്‍ഷണീയയായ ഒരു സ്ത്രീയോട് ദൈവത്തിന്‍റെ ഒരു ദാസന്‍ "അന്ധനായിരിക്കുന്നത്" നല്ലതല്ലേ? നിങ്ങള്‍ക്ക് കണ്ണുകള്‍ ഉണ്ട്, എന്നാല്‍ നിങ്ങള്‍ കാണുന്നില്ല, നിങ്ങള്‍ " അന്ധനാണ്"! നിങ്ങള്‍ക്ക് കാതുകള്‍ ഉണ്ട്, എന്നാല്‍ നിങ്ങള്‍ കേള്‍ക്കുന്നില്ല! കാരണം നിങ്ങളുടെ കണ്ണുകള്‍ കാണുന്ന പ്രകാരമോ നിങ്ങളുടെ കാതുകള്‍ കേള്‍ക്കുന്ന പ്രകാരമോ നിങ്ങള്‍ വിധിക്കുന്നില്ല. ഇങ്ങനെയാണ് യേശു ജീവിച്ചത് നാം ജീവിക്കേണ്ടതും ഇങ്ങനെ തന്നെയാണ് (യെശയ്യാവ് 11:3).

യെശയ്യാവ് 50:4 യേശുവിനെക്കുറിച്ചുളള ഒരു പ്രവചനമാണ്. തളര്‍ന്നിരിക്കുന്നവരെ വാക്കു കൊണ്ടു താങ്ങുവാന്‍ പരിശീലിപ്പിക്കപ്പെട്ട ഒരു നാവ് യേശുവിനുണ്ട് എന്നാണിവിടെ പറയുന്നത്. നമ്മുടെ ശരീരത്തിന്‍റെ, ദൈവം ഉപയോഗിക്കുന്ന പ്രധാന ഭാഗം നമ്മുടെ നാവാണ്. അതു കൊണ്ട് ദൈവത്തിന്‍റെ ഓരോ ദാസനും തങ്ങളുടെ നാവിന്‍റെ ഉപയോഗത്തെ നിയന്ത്രിക്കേണ്ടതുണ്ട്. യേശുവിന്‍റെ വായ് മൂര്‍ച്ചയുളള വാള്‍ പോലെ ആയിരുന്നു എന്നു നാം കാണുന്നു (49:2) നമ്മുടെ വായില്‍ നിന്നു പറത്തുവരുന്ന ദൈവ വചനം ഇടക്കിടെ ഹൃദയത്തെ തുറന്ന് അതിലുളള തെറ്റായ ലക്ഷ്യങ്ങളെ തുറന്നു കാട്ടുന്ന ഒരു വാളും, ഇടയ്ക്കിടെ അത് പ്രോത്സാഹിപ്പിക്കുന്ന മൃദുവായ വാക്കുകളും ആയിരിക്കും. നാം ഇവിടെ വായിക്കുന്നത്, പിതാവിനു പറയാനുളളത് ശ്രദ്ധിച്ചു കേള്‍ക്കുവാന്‍ യേശു രാവിലെതോറും ഉണരുമായിരുന്നു എന്നാണ് (വാക്യം 4). അവിടുന്ന് എന്തെങ്കിലും കേള്‍ക്കുമ്പോള്‍ ഉടനെ തന്നെ അത് അനുസരിക്കുന്നവനായിരുന്നു. തന്നെ അടിക്കുവാനും ഇടിക്കുവാനും, തന്നെ തുപ്പുവാനും മറ്റുളളവരെ അനുവദിക്കുന്ന കാര്യവും തന്‍റെ പിതാവിന്‍റെ ഹിതത്തില്‍ ഉള്‍പ്പെടുമ്പോള്‍ പോലും അത് അവിടുന്ന് സ്വീകരിച്ചു (വാക്യം 5,6). ആളുകള്‍ ഇതെല്ലാം ചെയ്തപ്പോള്‍ അവരോട് പ്രതികാരം ചെയ്യുകയോ അവരെ ഭീഷണിപ്പെടുത്തുകയോ ചെയ്യാതെ അവരോടു ക്ഷമിക്കുവാനും അവരെ അനുഗ്രഹിക്കുവാനും വേണ്ടി യേശു "തന്‍റെ മുഖത്തെ തീക്കല്ലുപോലെ ആക്കി" (വാക്യം7). തന്നെ നീതികരിക്കുന്നവന്‍ എപ്പോഴും സമീപത്തുളളതു കൊണ്ട് താന്‍ ലജ്ജിച്ചു പോകയില്ലെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. (വാക്യം.8).